ദില്ലി: എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവത്തിൽ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ദില്ലി പൊലീസ് സ്പെഷൽ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നു. ഷഹീൻ ബാഗിൽ നിന്ന് കാണാതായ യുവാവുമായി ബന്ധപ്പെട്ട രേഖകൾ കേരള എ ടി എസ് ശേഖരിച്ചു. കൈ എഴുത്ത് രേഖകൾ അടക്കം ശേഖരിച്ചു. ഇതും സംഭവസ്ഥലത്ത് നിന്ന് കിട്ടിയ നോട്ട് ബുക്കിലെ എഴുത്തുമായി സാമ്യതയുണ്ടോ എന്ന് പരിശോധിക്കും. ഇയാളുടെ ഫോൺ രേഖകളിലും പരിശോധന. ഇന്നലെ ഷഹീൻ ബാഗിൽ പരിശോധന നടത്തിയത് കേരളത്തിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സംഘം.
ട്രെയിനിലെ തീവെപ്പ് കേസ് അന്വേഷിക്കാനായി കോഴിക്കോട് നിന്നുളള നാല് പൊലീസ് ഉദ്യോഗസ്ഥര്‍കൂടി ദില്ലിയിലേക്ക് തിരിച്ചു. രണ്ട് സിഐമാരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ദില്ലിയില്‍ എത്തുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്സും ദില്ലിയിലും നോയ്ഡയിലും അന്വേഷണം നടത്തി വരികയാണ്. അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ട് പോകുന്നത്.
ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ദില്ലിയിലേക്ക് വ്യാപിപ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം ആര്‍ അജിത് കുമാര്‍ കോഴിക്കോട്ട് ക്യാംപ് ചെയ്താണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. എന്‍ഐഎയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംഭവത്തില്‍ സമാന്തരമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്.