തിരുവനന്തപുരം∙ തിരുവനന്തപുരത്തും കണ്ണൂരും കായംകുളത്തും വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം വർക്കലയിൽ 8 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ 5.83 കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിലായി. അബു തലിപ്പ് അലി (27) ആണ് അറസ്റ്റിലായത്.
കണ്ണൂർ ടൗണിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ, ഒഡീഷയിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി കണ്ണൂർ ടൗൺ, തെക്കേ ബസാർ എന്നിവിടങ്ങളിൽ വിറ്റുവരികയായിരുന്നു.കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും കായംകുളം റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും സംയുക്തമായി കായംകുളം റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ ചെന്നെ മെയിൽ ട്രെയിനിൽ നിന്നും 6 കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ 6 കിലോ കഞ്ചാവുമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസ് വിഭാഗവും ആലപ്പുഴ എക്സൈസ് സ്പെഷൽ സ്കോഡും നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം, കണിച്ചുകുളങ്ങര സ്വദേശികളായ രണ്ടുപേർ കസ്റ്റഡിയിലായത്.ഈസ്റ്ററിനു മുന്നോടിയായി റെയിൽവേ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഹരിമരുന്നുകൾ കൊണ്ടുവരാനുള്ള സാധ്യത മുന്നിൽകണ്ട് വാഹന പരിശോധന ഉൾപ്പെടെ കർശന നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.