കോഴിക്കോട്: ജനാധിപത്യ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസായിരുന്നു മധുകൊലക്കേസെന്ന് കെ.കെ. രമ എം.എൽ.എ. ഈ വിധി നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ് ആവശ്യപ്പെടുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. നിയമങ്ങൾ മാത്രമല്ല, മനോഭാവങ്ങൾ കൂടി മാറേണ്ടതുണ്ട്. അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകൾ കൂടി ഉയർന്നു വരണമെന്ന് എം.എൽ.എ ഫേസ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
കുറിപ്പിെൻറ പൂർണരൂപം:
ജനാധിപത്യ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസായിരുന്നു മധുകൊലക്കേസ്. തുടക്കം മുതൽ പലതരത്തിൽ അട്ടിമറി ശ്രമങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന കേസായിരുന്നു ഇത്. നിരവധി സാക്ഷികൾ കൂറുമാറുകയും സാക്ഷികളെ സ്വാധീനിക്കാൻ വലിയ തോതിലുള്ള ഇടപെടലുകൾ നടക്കുകയും ചെയ്തു. മധുവിന്റെ കുടുംബത്തിന്റെയും ഒപ്പം നിൽക്കാൻ തയ്യാറായ, ഇച്ഛാശക്തിയെ വിലക്കെടുക്കാൻ സാധിക്കാത്ത ജനാധിപത്യ ബോധമുള്ള മനുഷ്യരുടെയും പോരാട്ടത്തിന്റെ ഫലമാണ് ഈ വിധി.
മധുവിന് എന്തു സംഭവിച്ചു എന്നത് മന:സാക്ഷിയുള്ള ആർക്കും മറക്കാനാവില്ല എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പക്ഷേ ആ സംഭവത്തിന് പിറകിലെ സാമൂഹ്യ മന:ശാസ്ത്രം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കറുപ്പിനോടും പിന്നാക്കക്കാരോടുമുള്ള അധീശ മനോഭാവവും വിദ്വേഷവും പുച്ഛവും ഇനിയും പൊതുബോധം കയ്യൊഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഈ കൊല.
മധുവിന്റെ ദാരുണാനുഭവത്തിലും കണ്ണുതുറക്കാത്ത മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് തെളിയിച്ചതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സംഭവം. വിശ്വനാഥൻ എന്ന ഗോത്രവർഗ്ഗക്കാരനായ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തിയതും ആത്മാഹുതിയിലേക്ക് തള്ളി വിട്ടതും.അതുകൊണ്ട് ഈ വിധി നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ് ആവശ്യപ്പെടുന്നത്. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. നിയമങ്ങൾ മാത്രമല്ല, മനോഭാവങ്ങൾ കൂടി മാറേണ്ടതുണ്ട്. അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകൾ കൂടി ഉയർന്നു വരണം.
കെ.കെ.രമ