കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു.
പുലർച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറൽ കമ്പർട്ട്മെന്റിൽ യാത്ര ചെയ്തത് ടിക്കറ്റ് എടുക്കാതെയാണ്. കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘ കുബുദ്ധി’ കൊണ്ടെന്നാണ് പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാൾക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയിൽവേസ്റ്റേഷനിലുമായി ഇയാൾ ഉണ്ടായിരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായുള്ള വിവരവും പുറത്തുവന്നിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ദില്ലിയിൽ നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നുവെന്ന് ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചയപ്പെട്ടത്. കോഴിക്കോട്ടേക്കുള്ള ജനറൽ ടിക്കറ്റ് ആണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്റ്റേഷനിൽ ഇറങ്ങി എന്നറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി. തൊട്ടടുത്ത ട്രെയിനിൽ കയറി അക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ കരുതിയ ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞതായാണ് വിവരം.