ദില്ലി : പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. സഭ ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്.
ഇന്നലെയും ഭരണ, പ്രതിപക്ഷ ബഹളത്തിൽ നിർത്തിവച്ചിരുന്നു. അദാനി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയങ്ങളിലാണ് സഭയിൽ ഇന്നലെയും ബഹളം തുടർന്നത്. ഇരുസഭകളും ചേര്‍ന്നയുടന്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഉച്ചക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ ലോക് സഭ പിരിയുകയായിരുന്നു. ഒരു ദിവസം പോലും സഭ സമ്മേളിക്കാനായില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയില്‍ ബജറ്റ് പാസാക്കുകയും ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.