ഗുവാഹത്തി: മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഭാര്യ മുംതാസിനെ യഥാര്‍ഥത്തില്‍ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബിജെപി എംഎല്‍എ രൂപ്ജ്യോതി കുര്‍മി. മുംതാസ് മരിച്ച ശേഷം ഷാജഹാന്‍ മൂന്ന് വിവാഹങ്ങള്‍ ചെയ്തിരുന്നു. മുംതാസിനോട് കൂടുതല്‍ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തതെന്നാണ് ബിജെപി എംഎല്‍എയുടെ ചോദ്യം.
”ഷാജഹാന്‍ ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചത്. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് അദ്ദേഹം താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസിനെ ഷാജഹാന്‍ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നെങ്കില്‍ എന്തിനാണ് വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തത്.” താജ്മഹല്‍, കുത്തബ്മിനാര്‍ എന്നിവ പൊളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ”താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ശേഷം അവയുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം. ഇതിനായി എന്റെ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണ്. ”-എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. സംഭവത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് എന്‍സിഇആര്‍ടി നേരിട്ടത്. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍. ആര്‍എസ്എസ് നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങളും ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു. സിലബസ് പരിഷ്‌ക്കരണമെന്ന വിശദീകരണത്തോടെയാണ് പതിനഞ്ച് വര്‍ഷത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ തീവ്ര നിലപാടുള്ള ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധി വധത്തിന് പിന്നാലെ വിദ്വേഷം പടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ആര്‍എസ്എസിനെയും കുറച്ച് കാലത്തേക്ക് നിരോധിച്ചു തുടങ്ങി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്‌കത്തിലുണ്ടായിരുന്ന ഭാഗങ്ങളാണ് എന്‍സിഇആര്‍ടി നീക്കം ചെയ്തത്. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശമുള്ള അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈററി എന്ന ഭാഗം പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കി. നീക്കം ചെയ്ത പാഠഭാഗങ്ങളേതൊക്കെയെന്ന് വിശദമാക്കുന്ന കുറിപ്പില്‍ പക്ഷേ എന്‍സിആആര്‍ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. നേരത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചും, മുഗള്‍കാലഘട്ടത്തെയും, ജാതിവ്യവസ്ഥയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.