ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയിൽ ചേരുമെന്ന് പാർട്ടി ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു. അതേസമയം, തീരുമാനമെടുത്തിട്ടില്ലെന്നാണ് അനിലിൻ്റെ മറുപടി. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്റണി തയ്യാറായില്ല. കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ കെ ആന്റണി. എന്നാൽ, ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്നാണ് അദ്ദേഹം കോൺഗ്രസിന് എതിരായ പരസ്യ നിലപാടുകൾ സ്വീകരിച്ച് തുടങ്ങിയത്. രാഹുൽ ഗാന്ധിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും ബിജെപി നേതാക്കളായ എസ് ജയശങ്കർ, സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്‍റണി രംഗത്തെത്തിയിരുന്നു. സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തു.