റായ്പുർ (ഛത്തീസ്ഗഡ്)∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് എംഎൽഎ അമിതേഷ് ശുക്ല. ‘‘രാഹുൽ ഗാന്ധി ആധുനിക ഇന്ത്യയുടെ മഹാത്മാ ഗാന്ധിയാണ്. അദ്ദേഹത്തിന് മഹാത്മാഗാന്ധിയുമായി ഒരുപാട് സാമ്യങ്ങളുണ്ട്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. മഹാത്മാ ഗാന്ധി ദണ്ഡി മാർച്ച് നടത്തി’’– അദ്ദേഹം പറഞ്ഞു.
രാഹുലിനെ ‘രാഷ്ട്രപുത്രൻ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, താൻ പ്രസ്താവന നടത്തുന്നത് ഉത്തരവാദിത്തത്തോടെയാണെന്നും വ്യക്തമാക്കി. ‘‘ഞാൻ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിൽ പെട്ടയാളാണ്. എന്റെ പിതാവിൽ നിന്നും (അവിഭക്ത മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശ്യാമ ചരൺ ശുക്ല) അമ്മാവനിൽ നിന്നും (മുതിർന്ന കോൺഗ്രസ് നേതാവ് വിദ്യാ ചരൺ) കേട്ട കാര്യങ്ങളാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാൻ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. 2004 ലും 2008 ലും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. സത്യത്തിന്റെ ആയുധം ഉപയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തെ അവസാനിപ്പിച്ച മഹാത്മാഗാന്ധിയെപ്പോലെ, രാഹുൽ ഗാന്ധിയും നിർഭയമായി സത്യം സംസാരിക്കുന്നു’’– അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഛത്തീസ്ഗഡ് കോൺഗ്രസ് മാനസികമായും ബൗദ്ധികമായും പാപ്പരായിരിക്കുന്നുവെന്ന് ശുക്ലയുടെ പ്രസ്താവനയോട് പ്രതികരിച്ച ബിജെപി എംപി സന്തോഷ് പാണ്ഡെ പറഞ്ഞു.