ന്യൂഡല്‍ഹി > ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക വിസയില്‍ അല്ലാതെ എത്തി വീട്ടുജോലി ചെയ്യുന്നവരുടെ കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം.വിസിറ്റിംഗ്/ടൂറിസ്റ്റ് വിസകളിലും മറ്റും ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന വര്‍ദ്ധിച്ചുവരുന്ന ചൂഷണങ്ങളും ശാരീരിക ഉപദ്രവങ്ങളും മുന്‍നിര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസിആര്‍ ക്ലിയറന്‍സ് കഴിഞ്ഞാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കായി പോകേണ്ടതെങ്കിലും പലപ്പോഴും ഏജന്റുമാര്‍ ഇവരെ വിസിറ്റിംഗ്/ടൂറിസ്റ്റ് വിസകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ചശേഷം നിയമവിരുദ്ധമായി ഗാര്‍ഹിക ജോലികള്‍ക്കായി നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 10 ഫെബ്രുവരി 2023 വരെ ഇപ്രകാരമുള്ള 2458 നിയമവിരുദ്ധ ഏജന്റുമാരുടെ വിവരങ്ങള്‍ ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇസിആര്‍ ക്ലിയറന്‍സോടുകൂടിയോ വിസിറ്റിംഗ്/ടൂറിസ്റ്റ് വിസകളിലും മറ്റും എത്തിയ ശേഷമോ വീട്ടുജോലിചെയ്യുന്ന മുഴുവന്‍ ആളുകളുടെയും ഡാറ്റാബേസ് തയ്യാറാക്കാന്‍ കേന്ദ്രം തയാറാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്രം തയാറായില്ല. വിസിറ്റിംഗ്/ടൂറിസ്റ്റ് വിസകളില്‍ എത്തി വിസ രൂപാന്തരം വരുത്തി വീട്ടുജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ മിക്ക വിദേശരാജ്യങ്ങളും നല്‍കാത്തതിനാല്‍ അത്തരം ജോലിക്കാരുടെ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല എന്ന് പറഞ്ഞൊഴിയുകയാണ് കേന്ദ്രം ചെയ്തത്.