ഒച്ച്, അച്ചിൾ എന്നൊക്കെ കേൾക്കുന്നത് തന്നെ നമ്മുടെ നാട്ടിൽ പലർക്കും അറപ്പും വെറുപ്പും ആണ്. വീടിൻറെ പരിസരങ്ങളിലായി കാണപ്പെടുന്ന ഈ ജീവിയെ കണ്ടുകഴിഞ്ഞാൽ പരമാവധി നമ്മൾ നശിപ്പിച്ചു കളയാനാണ് ശ്രമിക്കാറ്. എന്നാൽ, ആന്ധ്രാപ്രദേശുകാരെ സംബന്ധിച്ചിടത്തോളം ഒച്ച് അവരുടെ പ്രധാന ഭക്ഷ്യവിഭവമാണ്. നല്ല എരിവും മസാലകളും ഒക്കെ ചേർത്തുള്ള ഒച്ചു കറിക്ക് ആരാധകർ ഏറെയാണ്.
ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയുടെ തീരത്തുള്ള ജില്ലകളിലാണ് പ്രധാനമായും ഒച്ച് കറിവെച്ചും അല്ലാതെയും വില്പന നടത്തുന്നത്. ഇവിടുത്തെ നോൺ-വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട വിഭവമാണ് മസാലകൾ ചേർത്ത ഒച്ചു കറി. ഗോദാവരി നദിയുടെ കനാലുകൾ ഒച്ചുകളാൽ സമ്പന്നമാണ്. കനാലുകളുടെ തീരത്തു നിന്നും ശേഖരിക്കുന്ന ഇവയുടെ വിൽപ്പന ഇവിടെ സജീവമാണ്. ഒച്ചിനെ പാചകം ചെയ്തും അല്ലാതെയും ഇവിടെ വിൽപ്പന നടത്തുന്നുണ്ട്. കട്ടിയുള്ള പുറന്തൊലി നീക്കം ചെയ്തു അവയുടെ മാംസം മാത്രം എടുത്താണ് വിൽപ്പന നടത്തുന്നത്. ഇത് പാചകം ചെയ്തു കഴിക്കുന്നത് വഴി ബ്രോങ്കൈറ്റിസ്, ആസ്ത്മ, ക്ഷീണം തുടങ്ങിയ രോഗങ്ങളെ സുഖപ്പെടുത്താൻ കഴിയും എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒച്ചുകറി ഉണ്ടാക്കുന്ന പ്രക്രിയ അൽപ്പം കടുപ്പമുള്ളതും നീളമുള്ളതുമാണെങ്കിലും രുചിയുടെ കാര്യത്തിൽ ഇത് ആടിന്റെ ഇറച്ചിയേക്കാൾ രുചികരമാണെന്ന് ഈ ആളുകൾ അവകാശപ്പെടുന്നു.
മോര്, നിലക്കടല, മസാലക്കൂട്ടുകൾ എന്നിവയൊക്കെ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കിലോയ്ക്ക് 100 മുതൽ 200 രൂപ വരെയാണ് വില. ഒച്ചു കറിക്ക് പ്രചാരം ലഭിച്ചതോടെ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി ധാരാളം ഭക്ഷണപ്രിയരാണ് ഇതു കഴിക്കാനായി ഇപ്പോൾ ഗോദാവരിയുടെ തീരത്ത് എത്തുന്നത്.