കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പ്രതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തെ കസ്റ്റഡിയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഇതിന് പിന്നാലെ പ്രതിയെ എ.ആർ ക്യാമ്പിലേക്ക് മാറ്റി.
രാവിലെ ഷാറൂഖ് സെയ്ഫിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടാതെ ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണു മരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി. ജഡ്ജി എസ്.വി. മനേഷ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്.
എന്നാൽ, പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ പടരുന്നത് കണ്ട് ഇവർ ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.