മംഗളൂരു: അവശനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു. ബെല്‍ത്തങ്ങാടി പത്രമേ ഗ്രാമത്തില്‍ താമസിക്കുന്ന പട്ടുരു ബാബുവിന്റെ മകള്‍ രക്ഷിത (22), അയല്‍വാസി ശ്രീനിവാസ ആചാര്യയുടെ മകള്‍ ലാവണ്യ (21) എന്നിവരാണ് മരിച്ചത്.
രക്ഷിത രാവിലെയും ലാവണ്യ ഉച്ചയോടെയുമാണ് മരിച്ചത്. ഇവരില്‍ രക്ഷിതയുടെ മരണം വിഷം അകത്തുചെന്നാണെന്ന് സ്ഥിരീകരിച്ചു. ലാവണ്യയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രക്ഷിതയും ലാവണ്യയും ഗ്രാമവികസന പദ്ധതിയുടെ സേവന പ്രതിനിധികളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച ഇരുവരും അവശനിലയിലാവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നെല്ല്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടുകാര്‍ ലാവണ്യയെ പുത്തൂരിലെത്തിക്കുകയും അവിടെ നിന്ന് സൂറത്ത്കല്ലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നില അതീവഗുരുതരമായതോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ലാവണ്യയും രക്ഷിതയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നര വര്‍ഷം മുമ്പാണ് രക്ഷിത ജോലിയില്‍ പ്രവേശിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണോ മരണകാരണം മറ്റെന്തെങ്കിലുമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.