റിയാദ്: ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിൽ തിക്രമിച്ച് കടക്കുകയും അവിടെയുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഇസ്രായേൽ സൈന്യത്തിെൻറ നടപടിയെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയ വിശുദ്ധിയും മതപരമായ ബഹുമാനവും സംബന്ധിച്ച അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ആത്മീയ വിശുദ്ധിയുടെയും പ്രാർഥനയുടെയും മാസത്തിൽ മസ്ജിദ് വളപ്പിൽ കടന്നുകയറി നടത്തിയ അതിക്രമവും അറസ്റ്റും ഫലസ്തീൻ പ്രശ്‌നത്തിലുള്ള സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ്. അധിനിവേശം അവസാനിപ്പിക്കാനും നീതിയിൽ അധിഷ്ഠിതമായ പരിഹാരം സാധ്യമാക്കാനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന നിലപാട് സൗദി അറേബ്യ തുടരും.
ഫലസ്തീൻ വിഷയത്തിൽ സമഗ്രമായ പരിഹാരമാണ് വേണ്ടത്. ബുധനാഴ്ച പുലർച്ചെ ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിലെ ഡസൻ കണക്കിന് വിശ്വാസികളെ ഇസ്രായേൽ പൊലീസ് ആക്രമിച്ചതായി സി.എൻ.എൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷധം നിലനിൽക്കുകയാണ്.
ഇസ്രയേലിനും ഫലസ്തീനും ഇടയിലുള്ള പിരിമുറുക്കം കുറയ്ക്കുന്നതിന് സമീപകാലത്ത് യു.എസ് പിന്തുണയോടെയുള്ള ശ്രമങ്ങൾ നടത്തിയ ജോർദാനും ഈജിപ്തും സംഭവത്തെ അപലപിച്ച് പ്രത്യേക പ്രസ്താവനകൾ പുറപ്പെടുവിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും അത് തടയാൻ അറബ് രാഷ്ട്ര നേതൃ തലത്തിലുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജോർദൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജറുസലേമിെൻറ ചരിത്രപരവും നിയമപരവുമായ പദവിയിൽ മാറ്റം വരുത്തുക എന്നതാണ് ഇത്തരം നടപടികളിലൂടെ ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ജോർദൻ ആരോപിച്ചു.