ചാരുംമൂട്: ബൈക്ക് മോഷണക്കേസിലെ പ്രതി നാലുമാസത്തിനുശേഷം അറസ്റ്റിൽ. കൊല്ലം അഞ്ചൽ വടമൺമുറിയിൽ ബിജുവിലാസത്തിൽ വിജിൻ ബിജു(22)വാണ് പിടിയിലായത്. ഡിസംബർ 12-ന് വൈകുന്നേരം നാലിന് ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് പള്ളിവളപ്പിൽ വെച്ചിരുന്ന ആദിക്കാട്ടുകുളങ്ങര ദാറുൽസലാം വീട്ടിൽ മുഹമ്മദ് സുൽഫിയുടെ ബൈക്കാണ് മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലുള്ള സിസിടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു.
കൊട്ടാരക്കര പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പ്രതിയും വാഹനവും പൊലീസിന്റെ മുന്നിൽ അകപ്പെട്ടുവെങ്കിലും വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്നു കിട്ടിയ ആധാർകാർഡിൽ പ്രതിയുടെ ചിത്രവുമായി സാമ്യമുള്ളതിനാൽ നൂറനാട് പോലീസ് അഞ്ചലിൽ പോയി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. കൂടുതൽ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം തമ്പാനൂരിൽനിന്നാണ് വിജിൻ ബിജു പിടിയിലായത്. ഇയാൾക്കെതിരേ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒട്ടേറെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. 2022 നവംബറിൽ മറ്റൊരു മോഷണക്കേസിൽ ജാമ്യം ലഭിച്ച് തിരുവനന്തപുരം ജയിലിൽനിന്നു പുറത്തിറങ്ങിയ ശേഷമാണ് ആദിക്കാട്ടുകുളങ്ങരയിൽ മോഷണം നടത്തിയത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് പ്രതിയെ റിമാൻഡ് ചെയ്തു.