കളമശ്ശേരി: ഫാക്ട് ഹിതപരിശോധന മത്സരത്തിൽ കെ. ചന്ദ്രൻ പിള്ള പ്രസിഡന്‍റായ ഫാക്ട് എംപ്ലോയീസ് അസോസിയേഷനെ (സി.ഐ.ടി.യു) പിന്നിലാക്കി എൻ.കെ. പ്രേമചന്ദ്രൻ എം.പി നയിക്കുന്ന ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ഒന്നാമതെത്തി. ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷനിലെ യൂനിയനുകളുടെ പിന്തുണ പരിശോധിക്കുന്നതിനുള്ള ഹിതപരിശോധനയിലാണ് വർക്കേഴ്സ് ഓർഗനൈസേഷൻ മുന്നിലെത്തിയത്.
നാല് സംഘടനകൾ മത്സരിച്ചതിൽ മൂന്നു യൂനിയനുകൾക്കാണ് അംഗീകാരം നേടാനായത്. ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ 140 വോട്ട് നേടി. ഫാക്ട് എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) 124ഉം കെ. മുരളീധരൻ എം.പി നയിക്കുന്ന ഫാക്ട് എംപ്ലോയീസ് കോൺഗ്രസിന് (ഐ.എൻ.ടി.യു.സി) 121 വോട്ടും ലഭിച്ചു.
ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. വിജയകുമാർ നയിക്കുന്ന ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷന് (ബി.എം.എസ്) അംഗീകാരം നേടാനായില്ല. 62 വോട്ടാണ് സംഘടന നേടിയത്. 92 വോട്ടാണ് അംഗീകാരത്തിന് വേണ്ടത്. 456 വോട്ടർമാരിൽ 447 പേർ വോട്ട് രേഖപ്പെടുത്തി. 26 വർഷത്തിനു ശേഷമാണ് ഫാക്ടിൽ ഹിതപരിശോധന നടന്നത്.