കൊച്ചി: ഭൂരിപക്ഷ തീരുമാനമനുസരിച്ച് വഖഫ് ബോർഡ് ഉത്തരവ് പ്രഖ്യാപിക്കുമ്പോൾ അംഗങ്ങളുടെ വിയോജന കുറിപ്പ് കൂടി ഉത്തരവിന്‍റെ ഭാഗമാക്കി ചേർക്കുന്നത് ഉചിതമെന്ന് ഹൈകോടതി. ഈ ഉത്തരവ് വഖഫ് ട്രൈബ്യൂണലിന്‍റെയോ മറ്റു നീതിന്യായ സംവിധാനങ്ങളുടെയോ പരിഗണനക്കെത്തുമ്പോൾ തീരുമാനമെടുക്കാൻ ഉപകരിക്കുമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തലശ്ശേരി പുന്നോള്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കേസിൽ വഖഫ് ബോർഡ് ഉത്തരവ് ചോദ്യം ചെയ്ത് പ്രസിഡൻറ് കെ.പി. അബ്ദുൽ ഗഫൂർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ കേസിൽ ബോർഡംഗങ്ങളായ എം.സി. മാഹിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവരുടെ വിയോജനക്കുറിപ്പ് ഉത്തരവിന്‍റെ ഭാഗമായി ഹരജിക്കാർക്ക് ബോർഡ് നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് ഹരജി.
വിയോജന കുറിപ്പ് ഉത്തരവിൽ രേഖപ്പെടുത്തണമെന്ന് വഖഫ് ബോർഡ് ആക്ടിൽ വ്യവസ്ഥയില്ലെന്നായിരുന്നു എതിർവാദം. നിയമത്തിൽ വ്യവസ്ഥയില്ലെങ്കിലും അങ്ങനെ ചെയ്യുന്നത് തുടർ നിയമ നടപടികളുടെ ഘട്ടത്തിൽ ഉചിതമാണെന്ന് കോടതി വിലയിരുത്തി. ഹരജിക്കാർക്ക് ഉചിതമായ നീതിന്യായ സംവിധാനത്തെ സമീപിച്ച് ഈ വാദങ്ങൾ ഉന്നയിക്കാമെന്നും വ്യക്തമാക്കി ഹരജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.