ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ബില്‍ഹ മേഖലയിലാണ് പോലീസിനെ പോലും അതിശയിപ്പിച്ച ആ മോഷണം നടന്നത്. മോഷണം നടന്നെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ തിരിച്ചെത്തിയ മോഷ്ടാവ്, മോഷണ വസ്തു വീട്ട് മുറ്റത്ത് ഉപേക്ഷിച്ച് പോയി. സംഭവം ഇങ്ങനെ: മാര്‍ച്ച് 27 ന് ശോഭറാം കോഷാലെ തന്റെ പേരില്‍ ഗ്രാമത്തിലുണ്ടായിരുന്ന ഭൂമി രോഹിത് യാദവ് എന്നയാള്‍ക്ക് വിറ്റു. ഭൂമി വിറ്റ വകയില്‍ കുറച്ച് തുക പണമായും ബാക്കി തുക ചെക്കായുമാണ് ശോഭാറാമിന് ലഭിച്ചത്. 95,000 രൂപയാണ് പണമായി ലഭിച്ചത്. ശോഭറാം ഈ പണം തന്റെ വീടിന്റെ നിലവറയില്‍ സൂക്ഷിച്ചു. എന്നാല്‍, പിന്നീടൊരു ദിവസം ശോഭറാം നിലവറ പരിശോധിച്ചപ്പോള്‍ പണം കാണാനില്ലായിരുന്നു. നിലവറയില്‍ നിന്നും പണം മോഷണം പോയിരിക്കുന്നു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ബില്‍ഹ പോലീസ് സ്റ്റേഷനില്‍ ശോഭറാം മോഷണം സംബന്ധിച്ച പരാതി നല്കി.
പോലീസ് മോഷ്ടാക്കൾക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. എന്നാല്‍ പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ തന്റെ വീട്ടുമുറ്റത്ത് നിന്നും ശോഭറാമിന് പണം ലഭിച്ചു. അതും മോഷ്ടിക്കപ്പെട്ട മുഴുവന്‍ തുകയായ 95,000 രൂപയും മോഷ്ടാവ് തിരികെ കൊണ്ടുവച്ചു. ശോഭറാമിനെയും ബില്‍ഹ പോലീസിനെയും ഇത് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. അന്വേഷണം ആരംഭിച്ചപ്പോള്‍ പിടിക്കപ്പെടുമെന്ന് ഭയന്ന മോഷ്ടാവ് പണം തിരികെ കൊണ്ടുവന്ന് വച്ചതാകാമെന്ന് ബില്‍ഹ പോലീസ് പറയുന്നു. എന്നാല്‍, പണം കിട്ടിയത് കൊണ്ട് അന്വേഷണം അവസാനിപ്പിക്കില്ലെന്നും മോഷ്ടാവിനെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് തന്നെയാണ് ബില്‍ഹ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.