ദില്ലി: അദാനിക്കുള്ള പിന്തുണ ആവർത്തിച്ച് എൻസിപി നേതാവ് ശരദ് പവാർ. അദാനി വിഷയത്തെക്കാള്‍ പ്രധാനം വിലക്കയറ്റം, തൊഴിലില്ലായ്മ കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവയെന്ന് ശരത് പവാര്‍ പറഞ്ഞു. അംബാനിയും അദാനിയും രാജ്യത്തിന് നൽകിയ സംഭാവനകൾ ചിന്തിക്കേണ്ടതുണ്ടെന്ന് ശരദ് പവാർ. ജെപിസിയെക്കാള് സുപ്രീംകോടതി നിയോഗിച്ച സമിതി അന്വഷിക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അദാനിക്ക് അനുകൂലമായ ശരത് പവാറിന്റെ നിലപാടിൽ പ്രതികരണവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. പവാറിന്റെ നിലപാട് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. തൃണമൂലിനും എൻസിപിക്കും വ്യത്യസ്ത നിലപാട് ഉണ്ടാകാമെന്നും അത് പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നുമാണ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. പവാറുമായി ഖർഗെ സംസാരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.