ഭക്ഷണം പാകം ചെയ്യുന്നതിന് ഇന്ന് പലവിധത്തിലുള്ള രീതികളും സൗകര്യങ്ങളുമുണ്ട്. മുമ്പ് വിറകടുപ്പില്‍ വച്ച് വേവിക്കുന്ന രീതി മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് നമുക്കറിയാം. പിന്നീട് മണ്ണെണ്ണ സ്റ്റൗവും ഗ്യാസ് അടുപ്പുമെത്തി. അതിന് ശേഷം ഇൻഡക്ഷൻ കുക്കറും. പിന്നീടിങ്ങോട്ട് ഓവൻ, ഫ്രയര്‍ തുടങ്ങി പലവിധത്തിലുള്ള പാചകരീതികളും വ്യാപകമായിത്തുടങ്ങി. ഇന്ന് ധാരാളം വീടുകളില്‍ ഗ്യാസടുപ്പിനും ഇൻഡക്ഷൻ കുക്കറിനും പുറമെ ഓവനും ഫ്രയറുമെല്ലാം ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ എന്ത് ഭക്ഷണമാണോ കഴിക്കുന്നത് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എങ്ങനെയാണ് പാകം ചെയ്തെടുക്കുന്നത് എന്നതും. പാകം ചെയ്തെടുക്കുന്ന രീതി തീര്‍ച്ചയായും ആരോഗ്യകരവും അനാരോഗ്യകരവുമെല്ലാം ആകാം.
മിക്കവര്‍ക്കും ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ വിഭവങ്ങളും പ്രോസസ്ജ് ഫുഡ്സും മധുരം കാര്യമായി അടങ്ങിയ പലഹാരങ്ങളും ബേക്കറികളും മറ്റും. ഇവയെല്ലാം തന്നെ പാകം ചെയ്തെടുക്കുന്ന രീതി കൊണ്ട് മാത്രം അനാരോഗ്യകരമായി വരുന്ന ഭക്ഷണങ്ങളാണ്. ദിവസവും ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തെ മോശമായി സ്വാധീനിക്കാം. ആരോഗ്യത്തിന് വലിയ പ്രശ്നം സംഭവിക്കാത്ത ചില പാചകരീതികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
- ഒന്ന്…
- വെള്ളത്തിലിട്ട് വേവിക്കുന്ന രീതി, നമ്മുടെ ആരോഗ്യത്തിന് കാര്യമായ വെല്ലുവിളികളൊന്നും ഉയര്‍ത്തുന്നില്ല. ചോറ് അടക്കം പല വിഭവങ്ങളും നമ്മള്‍ ഇങ്ങനെ തന്നെയാണ് വേവിച്ചെടുക്കുന്നത്. മിക്ക ഭക്ഷണപദാര്‍ത്ഥങ്ങളും ആദ്യം ഉപ്പ് ചേര്‍ത്ത് വെള്ളത്തിലിട്ട് വേവിച്ച ശേഷമാണ് പിന്നീട് തയ്യാറാക്കിയെടുക്കുന്നത്.
- രണ്ട്…
- ആവിയില്‍ വേവിച്ചെടുക്കുന്ന രീതിയാണ് അടുത്തതായി ഏറ്റവും ആരോഗ്യകരമായ പാചകരീതിയായി കണക്കാക്കപ്പെടുന്നത്. പുട്ട്, ഇഡ്ഡലി, നൂലപ്പം തുടങ്ങി നമ്മുടെ തനത് വിഭവങ്ങളില്‍ പലതും ആവിയില്‍ വേവിച്ചെടുക്കുന്നത് തന്നെയാണ്. ഇതുപോലെ പച്ചക്കറികളും മറ്റും ആവിയില്‍ വേവിച്ചെടുക്കാൻ പറ്റും.
- മൂന്ന്…
- ബേക്കിംഗും ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താത്ത പാചകരീതിയാണ്. കാരണം എണ്ണമയം വളരെ കുറവ് മാത്രമേ ഇത്തരം വിഭവങ്ങളില്‍ കാണൂ. ചിക്കൻ, മീൻ, പച്ചക്കറികള്‍ എല്ലാം ഇങ്ങനെ ബേക്ക് ചെയ്ത് പാകം ചെയ്തെടുക്കാവുന്നതേയുള്ളൂ.
- നാല്…
- എയര്‍ ഫ്രയറുപയോഗിക്കുന്നതും ‘ഹെല്‍ത്തി’യായ രീതി തന്നെയാണ്. ഓയില്‍ കുറവേ വരൂ എന്നതിനാല്‍ തന്നെയാണ് ഇതും ആരോഗ്യകരമാകുന്നത്. ഫ്രൈ ചെയ്തെടുക്കാവുന്ന ഏത് വിഭവവും എണ്ണമയമില്ലാതെ എയര്‍ ഫ്രയറില്‍ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കും. പക്കാവടകള്‍, ചിക്കൻ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങി പല വിഭവങ്ങളും ഇങ്ങനെ ചെയ്തെടുക്കാം.
- അഞ്ച്…
- ഭക്ഷണം ഗ്രില്‍ ചെയ്യുന്നതും ആരോഗ്യകരമായ രീതി തന്നെ. ഇതിനുള്ള സൗകര്യം വീട്ടില്‍ തന്നെ ഒരുക്കി ഉപയോഗപ്പെടുത്തുന്നവരും ഇന്ന് ഏറെയാണ്. ചിക്കൻ അടക്കമുള്ള ഇറച്ചികള്‍, മീൻ, പനീര്‍ തുടങ്ങി പല വിഭവങ്ങളും ഗ്രില്‍ ചെയ്ത് പാകം ചെയ്തെടുക്കാവുന്നതാണ്.