തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‌സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായി. കോര്‍പറേഷന്‍ നികുതി വെട്ടിപ്പുകേസും നാണക്കേടുണ്ടാക്കി. ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. വിഭാഗീയത ഇല്ലാതായെങ്കിലും ചിലർ തുരുത്തുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കില്ല. ഫെയ്സ്ബുക്കിൽ ആളെ കൂട്ടുന്നതാണ് സംഘടനാ പ്രവർത്തനമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഫെയ്സ്ബുക്കിൽ ആളെ കൂട്ടലല്ല സംഘടനാ പ്രവർത്തനം.
നഗര മേഖലയിലും ചിറയിൻകീഴ് താലൂക്കിലും ബിജെപി മുന്നേറുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നൽകിയ കേസിൽ ശരിയായ നിലപാട് സ്വീകരിക്കാനായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രവർത്തന റിപ്പോർട്ടിൽ എ.സമ്പത്തിനെതിരെ വിമർശനമുണ്ട്. സംഘടനാ പ്രവർത്തനത്തിൽ വേണ്ട ശ്രദ്ധ പുലർത്തുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.