തിരുവനന്തപുരം∙ സംസ്ഥാനത്ത് വിഷു- റമസാൻ ചന്തകൾ ഈ മാസം 12ന് ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന വിഷു- റമസാൻ ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. ഇത്തവണ ചന്തകൾ ഉണ്ടാകില്ലെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി.ആർ.അനിൽ വിഷു–റമസാൻ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരിൽ നടക്കും. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിനു മുന്നിൽ പ്രത്യേക പന്തൽ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്കു മുന്നിൽ സ്ഥലം ഇല്ലെങ്കിൽ ചന്തക്കായി മറ്റു സ്ഥലങ്ങൾ പരിഗണിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ ചന്തയിലൂടെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും.