കോഴിക്കോട്: സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാരിനനുകൂലമായ ജനവികാരം ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ ജനസമ്പർക്കത്തിന്റെ ഭാഗമായി ആശംസകൾ നേരാനായി താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിലിനെ കണ്ട ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക താല്പര്യം ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെങ്കിൽ കർഷകരോട് അനുഭാവം കാണിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. ഈ വ്യത്യാസം കർഷകർക്കറിയാം. സഭകൾക്കും അതറിയാം. വിശ്വസിക്കാവുന്ന ഭരണ നേതൃത്വമാണ് കേന്ദ്രത്തിലുള്ളതെന്ന് എല്ലാവർക്കുമറിയാം.
ബിജെപി കൊമ്പന്മാരെ പ്രതീക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയല്ലെന്ന് കെ.സുധാകരന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. സുധാകരൻ താൻ സ്വയം അരിക്കൊമ്പനാണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. നിലപാടുകളാണ് പ്രശ്നം. ശക്തമായ നിലപാടുള്ളവർക്ക് ബി.ജെ.പിയിലേക്ക് വരാം. കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എ.കെ.ആന്റണിയുടെ പുത്രന് പോലും കോൺഗ്രസ് എന്നു പറയുന്ന പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കെ.സുധാകരൻ ഞങ്ങളോട് കയർത്തിട്ടെന്താണ് കാര്യം.കോൺഗ്രസും രാഹുൽ ഗാന്ധിയും കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടിനുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ സമ്പൂർണ തകർച്ച അനിവാര്യമായി. കേരളത്തിലും കോൺഗ്രസ് തകർന്ന് തരിപ്പണമാവും. അത് മറ്റാരെക്കാളും സുധാകരനറിയാം.
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ.ഐ.എ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല.ഒരു പ്രതി മാത്രം ഉൾപ്പെട്ട കുറ്റമല്ലിത്. ഇതിന്റെ പിന്നിൽ വലിയ ശക്തികളുണ്ട്. ഈ കേസിൽ കേരള പോലീസിന് മൃദു സമീപനമുണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതി. ദേശസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താലും കേന്ദ്ര സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.