ഇന്നത്തെ കാലത്തെ കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ കൂടുതലാണ്. സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിന്റെ അരികിലേക്കാണ്. കൊവിഡ് മഹാമാരിക്ക് ശേഷം പഠനസാമഗ്രികള്‍ ഓണ്‍ലൈനിലൂടെ നല്‍കാന്‍ തുടങ്ങിയതോടെ പഠനത്തിനും കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കാന്‍ തുടങ്ങി.ലോക്ഡൗൺ കാലത്ത് കുട്ടികൾ ഏറെയും നേരം ചെലവഴിച്ചത് മൊബൈൽ ഫോണിലായിരിക്കും. ഇനി ചെറിയ കുഞ്ഞുങ്ങളുടെ കാര്യമെടുത്താലോ, അവർക്ക് ഭക്ഷണം നൽകാനും അവരെ ഉറക്കാനും മാതാപിതാക്കൾ ആശ്രയിക്കുന്നതും ഇതേ മൊബൈല്‍ ഫോണിനെ തന്നെ.
പലപ്പോഴും പഠനത്തിന്‍റെ പേരില്‍ കുട്ടികള്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഗെയിമുകളിലും മറ്റും മുഴുകി മണിക്കൂറുകളോളം ഇത്തരത്തില്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കും. ഇതുസംബന്ധിച്ച് ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മൊബൈല്‍ ഫോണുകളില്‍ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്‌നമുണ്ടാകാമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സയന്റിഫിക് ജേണലായ ഹെല്‍ത്ത്‌കെയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സമയം ചെലവഴിക്കുന്ന കുട്ടികളിലാണ് പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനത്തില്‍ പറയുന്നു.തൊറാസിക് സ്‌പൈനിനുള്ള വേദനയെ (Thoracic Spine Pain) കേന്ദ്രീകരിച്ചായിരുന്നു പഠനം. നെഞ്ചിന്റെ പുറകുവശത്തായി, ഷോള്‍ഡര്‍ ബ്ലേഡുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന നട്ടെല്ലിന്റെ മധ്യഭാഗമാണ് തൊറാസിക് സ്‌പൈന്‍. പതിനാല് മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുള്ള 1628 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡേറ്റയാണ് പഠനത്തിനായി ഇവര്‍ ശേഖരിച്ചത്. മിക്കവരിലും തൊറാസിക് സ്‌പൈന്‍ വേദന കൂടുതലായാണ് കണ്ടെത്തിയത്. കൊവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ആശ്രയിച്ചതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.