തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക.ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. 10,11,12 ക്ലാസുകൾ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ ആശങ്കകൾ പരിഗണിച്ചാണ് ചെറിയ ക്ലാസുകൾ അടച്ചിട്ട് ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം.
15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളിൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാറിന്റെ തീരുമാനം.
മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. രാത്രി കർഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സംസ്ഥാന സർക്കാറിന്റെ പരിപാടികൾ ഓൺലൈനായി നടത്തും. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായാൽ അതത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മേലധികാരികൾക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തിൽ തീരുമാനമായി.