വേനല്‍ക്കാലത്ത് ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. നിർജ്ജലീകരണം ശരീരത്തിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക. അതുപോലെ തന്നെ, ഈ സമയത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- തണ്ണിമത്തൻ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ വേനല്‍ക്കാലത്ത് വിറ്റാമിന്‍ സിയും അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.
- രണ്ട്…
- ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- മൂന്ന്…
- മാമ്പഴം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ച് മാമ്പഴം കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
- നാല്…
- ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
- അഞ്ച്…
- പപ്പായ ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.
- ആറ്…
- പൈനാപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ബ്രോംലൈന്’ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ദഹനത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ഏഴ്…
- കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.