മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ പിന്നില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നോയെന്ന ചോദ്യവുമായി കെടി ജലീല്‍ എംഎല്‍എ. ട്രെയിന്‍ കത്തിക്കാന്‍ എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് പ്രതി കോഴിക്കോട് എത്തിയതെന്നും അയാളെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിപ്പിച്ചതാണോ ആക്രമണമെന്നും ജലീല്‍ ചോദിച്ചു. ഉത്തര്‍പ്രദേശില്‍ രാമനവമി ദിനത്തില്‍ പശുക്കളെ അറുത്ത സംഭവത്തില്‍ ഭാരത് ഹിന്ദു മഹാസഭയിലെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ഇതില്‍ മുസ്ലീം യുവാക്കള്‍ക്കെതിരായ വ്യാജപരാതിയും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ചോദ്യങ്ങള്‍. ഇക്കാര്യങ്ങള്‍ എലത്തൂര്‍ കേസ് അന്വേഷണ സംഘം പരിശോധിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.
ജലീലിന്റെ ചോദ്യങ്ങള്‍:
”ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് ‘കോഴിക്കോട്ടെത്തിയത്’?
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരും കണ്ണൂരും ‘ഇങ്ങെടുക്കാന്‍’ ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടല്‍?. കോഴിക്കോട്ട് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വല്ല പദ്ധതിയും ട്രൈന്‍ കത്തിക്കലിന് പിന്നില്‍ ഉണ്ടായിരുന്നോ?.
സൈഫിയെ ആരെങ്കിലും വിലക്കെടുത്ത് ചെയ്യിച്ചതാണോ പ്രസ്തുത പൈശാചിക കൃത്യം?. വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് ഇത്തരമൊരു സംഭവം അരങ്ങേറാന്‍ പ്രത്യേക കാരണം വല്ലതുമുണ്ടോ?. ആഗ്രയിലെ ”പശുവിനെ അറുത്ത്’ കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ യാഥാര്‍ത്ഥ്യം പുറത്തായി കുറ്റവാളികള്‍ കയ്യോടെ പിടികൂടപ്പെട്ട സാഹചര്യത്തില്‍ മേല്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്? ”