തൃശൂർ : തൃശ്ശൂർ ചേർപ്പിൽ ബസ് ഡ്രൈവറെ മർദ്ദിച്ചു കൊന്ന സംഭവത്തിലെ ഒന്നാം പ്രതിയുമായി കേരള പൊലീസ് സംഘം മുംബൈയിൽ നിന്ന് മടങ്ങി. ട്രെയിൻ മാർഗമാണ് ഒന്നാം പ്രതിയായ രാഹുലിനെ കൊണ്ടുവരുന്നത്. വെള്ളിയാഴ്ചയാണ് ഗൾഫിൽ നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം രാഹുലിനെ പിടികൂടിയത്. പ്രതിയെ നാളെ തൃശൂരിൽ എത്തിക്കും.
ചേർപ്പിലെ സ്വകാര്യ ബസ് ഡ്രൈവർ സഹറിനെ മർദിക്കാൻ പദ്ധതിയിട്ടത് ചേർപ്പ് സ്വദേശിയായ രാഹുൽ ആയിരുന്നു. വനിതാ സുഹൃത്തിനെ കാണാൻ അർധരാത്രി വീട്ടിൽ വന്നപ്പോഴാണ് സഹറിന് നേരെ രാഹുലിന്റെയും സംഘത്തിന്റെയും ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഒൻപത് പ്രതികൾ ഇതിനോടകം പിടിയിലായിട്ടുണ്ട്. പൊലീസിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിലാണ് രാഹുൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. രാഹുലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. മാർച്ച് മാസം പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ സഹാർ വേദന കൊണ്ട് പുളഞ്ഞു. രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില വഷളായതോടെ വൈകാതെ മരണവും സംഭവിച്ചു.