ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2022ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരെ 1198ഉം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടനയുടേതാണ് കണക്കുകള്‍. ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി 79 ക്രൈസ്തവ സംഘടനകള്‍ കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. പക്ഷെ ആക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അത് തടയുവാന്‍ യാതൊരുവിധ നടപടിയും കേന്ദ്രസര്‍ക്കാന്റെ ഭാഗത്തു നിന്നോ ബിജെപിയുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. 2014-ല്‍ ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ബിജെപി സര്‍ക്കാരും ബിജെപി നേതാക്കളും കേരളത്തില്‍ സഭാ അധ്യക്ഷന്മാരെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും അനുകൂല നിലപാട് സ്വീകരിക്കും എന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയുമാണ്.