കൊച്ചി> വ്യാജവാര്‍ത്തകള്‍ തടയാനെന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ ഐ ടി നിയമങ്ങളില്‍ വരുത്തിയ ചട്ട ഭേദഗതികള്‍ ജനാധിപത്യവിരുദ്ധമാണെന്ന് വിജ്ഞാന സ്വാതന്ത്ര്യത്തിനായുള്ള ജനാധിപത്യ സഖ്യം.വാര്‍ത്തകളിലെ വസ്തുതകള്‍ വിലയിരുത്തുന്നതിന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പോലെയുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയല്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവരെ സെന്‍സര്‍ ചെയ്യാനാണ് ഇപ്പോള്‍ നടത്തിയിട്ടുള്ള ചട്ടഭേദഗതി സഹായിക്കുക. ഇത് അംഗീകരിക്കാനാവില്ല.
ശബ്ദമില്ലാത്തവരുടെ ശബ്ദമായും കാഴ്ചയില്ലാത്തവരുടെ കാഴ്ചയായും വര്‍ത്തിക്കേണ്ട ഒരിടമായാണ് ഇന്റര്‍നെറ്റും അനുബന്ധസേവനങ്ങളും വികസിക്കേണ്ടത്. പൗരര്‍ക്ക്, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനും മറ്റുള്ളവരുമായി സംവദിക്കാനും കഴിയുന്ന സാഹചര്യമാണ് നിലനില്‍ക്കേണ്ടത്. ഈ സൗകര്യമൊരുക്കുകവഴി സാമൂഹ്യമാധ്യമങ്ങള്‍ ജനാധിപത്യത്തെ ഒരു പുതിയതലത്തിലേക്ക് ഉയര്‍ത്തി അത്തരം ജനാധിപത്യത്തെ കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ ജനാധിപത്യപരമായ ജനങ്ങളുടെ ഈ അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തുകയാണ് ഐ ടി ചട്ട ഭേദഗതികളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അടിയന്തിരമായി പിന്‍വലിക്കണം. വ്യാജവാര്‍ത്തകള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും സ്വതന്ത്രമായി ആശയപ്രകാശനം സാധ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയണമെന്നും ഡിഎകെ എഫ് പറഞ്ഞു