പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ കേവലം ജീവിശൈലീരോഗമെന്ന് പ്രമേഹത്തെ നിസാരവത്കരിക്കാൻ സാധിക്കില്ല. കാരണം പ്രമേഹം അത്രയും ഗുരുതരമായ അവസ്ഥകളിലേക്ക് ക്രമേണ രോഗിയെ നയിക്കാം. പ്രമേഹമുള്ളവരില്‍ അനുബന്ധമായ പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം വരാവുന്നതാണ്. പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രമേഹം ബാധിക്കാം. ഇത്തരത്തില്‍ പ്രമേഹം ബാധിക്കുന്ന ഒരു അവയവം ആണ് വൃക്ക. എങ്ങനെയാണ് പക്ഷേ പ്രമേഹം വൃക്കകളെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കുക? ഇതാ ചില ലക്ഷണങ്ങളെ കുറിച്ചറിയാം…
കൈകാലുകളില്‍ നീര്…
വൃക്ക പ്രശ്നത്തിലാണെന്നതിന്‍റെ ഒരു പ്രധാന സൂചനയാണ് കൈകാലുകളില്‍ നീര് കാണുന്നത്. കാരണം വൃക്കയാണ് ശരീരത്തില്‍ നിന്ന് ജലാംശം പുറന്തള്ളുന്നതും വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നത്. അങ്ങനെ വരുമ്പോള്‍ വൃക്ക ശരിയാം വിധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജലാംശം കണക്കിന് പുറത്തുപോകാതെ വരാം. ഇതാണ് കൈകാലുകളിലെല്ലാം നീര് വരുന്നതിന് കാരണമാകുന്നത്.
ചര്‍മ്മത്തില്‍ ചൊറിച്ചില്‍…
ചര്‍മ്മം അസാധാരണമായി വരണ്ടിരിക്കുന്നതും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ചുവപ്പുനിറം എന്നിവ കാണുന്നതും ശ്രദ്ധിക്കണം. ഇും വൃക്ക പ്രശ്നത്തിലാണെന്നതിന്‍റെ സൂചനകളാകാം. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ ശരിയാംവിധം പുറന്തള്ളാൻ വൃക്കകള്‍ക്ക് കഴിയാത്തത് മൂലം ഇവ രക്തത്തില്‍ അടിഞ്ഞുകിടക്കുന്നതാണ് ഇതിന് കാരണമാകുന്നത്.
മൂത്രത്തില്‍ പ്രോട്ടീൻ…
മൂത്രത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രോട്ടീനുകള്‍ കാണുന്നുവെങ്കില്‍ ഇതും വൃക്ക പ്രശ്നത്തിലാണെന്നതിനുള്ള സൂചനയാണ്. ഇത് പക്ഷേ മൂത്ര പരിശോധന നടത്തുന്നതിലൂടെ മാത്രമേ മനസിലാക്കുവാൻ സാധിക്കൂ. കാരണം വൃക്ക നോര്‍മലായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രോട്ടീനുകള്‍ ഇത്തരത്തില്‍ മൂത്രത്തില്‍ കാണപ്പെടുകയില്ല. പ്രത്യേകിച്ച് ആല്‍ബുമിൻ എന്ന പ്രോട്ടീനാണ് ഇങ്ങനെ വൃക്ക തകരാറിനെ സൂചിപ്പിക്കുന്നതിനായി മൂത്രത്തില്‍ കാണുന്നത്.
വിശപ്പില്ലായ്മ…
പ്രമേഹം വൃക്കകളെ ബാധിക്കുന്നതിന്‍റെ ഫലമായി വിശപ്പില്ലായ്മയും അനുഭവപ്പെടാം. ഓക്കാനം, ഛര്‍ദ്ദി, ശരീരഭാരം കുറയുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാം.
തളര്‍ച്ച…
അസാധാരണമായ തളര്‍ച്ചയും പ്രമേഹം വൃക്കകളെ ബാധിക്കുന്നതിന്‍റെ ഫലമായുണ്ടാകാം. മജ്ജയില്‍ ചുവന്ന രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടണമെങ്കില്‍ ആവശ്യമായി വരുന്നൊരു ഹോര്‍മോണുണ്ട്. വൃക്ക ബാധിക്കപ്പെടുമ്പോള്‍ ഈ ഹോര്‍മോണിന്‍റെ ഉത്പാദനം ഇല്ലാതാകുന്നു. അങ്ങനെ വരുമ്പോള്‍ ചുവന്ന രക്തകോശങ്ങളില്‍ കുറവ് സംഭവിച്ച് അത് വിളര്‍ച്ചയിലേക്ക് നയിക്കുന്നു. വിളര്‍ച്ച മൂലമാണ് രോഗിക്ക് അസഹനീയമായ തളര്‍ച്ച അനുഭവപ്പെടുന്നത്.
ശ്രദ്ധിക്കുക- മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ പലതും പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയുമെല്ലാം ഭാഗമായി വരാം. അതിനാല്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം മാത്രം പ്രശ്നം സ്ഥിരീകരിക്കുക. സ്വയം രോഗനിര്‍ണയം നടത്തുകയോ രോഗമാണെന്ന ഭയത്താല്‍ ആശുപത്രിയില്‍ പോകാതിരിക്കുകയോ ചെയ്യരുത്. സമയബന്ധിതമായ ചികിത്സ എപ്പോഴും ജീവനെ സുരക്ഷിതമാക്കി നിര്‍ത്താൻ സഹായിക്കും.