മുംബൈ: ബോംബൈ ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ബി ടെക് ഒന്നാം വർഷ വിദ്യാർത്ഥിയുമായ ദർശൻ സോളങ്കിയുടെ മരണത്തിലാണ് സഹപാഠിയായ അർമാൻ ഖത്രി എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സോളങ്കിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ അർമാൻ ഖത്രിയുടെ പേരുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 12 നാണ് സബർബൻ പവായിലെ ഐഐടിബി ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ദർശൻ സോളങ്കി ചാടി ജീവനൊടുക്കിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മാർച്ച് 3 ന് ഹോസ്റ്റൽ മുറിയിൽ നിന്നും ദർശന്‍റേതെന്ന പേരില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പില്‍ “അർമാൻ എന്നെ കൊന്നു” എന്ന് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം സോളങ്കിയുടേത് തന്നെയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അർമാനെ പൊലീസ് അറസ്റ്റ് ചെയ്തത്.അർമാനും മരണപ്പെട്ട സോളങ്കിയും ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. സോളങ്കിയുടെ മരണത്തിൽ അന്വേഷണം നടത്താൻ മഹാരാഷ്ട്ര സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിയിച്ചു.