കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ തീവ്രവാദ സംശയമടക്കം തള്ളാനായിട്ടില്ലെന്ന് എൻ.ഐ.എ റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക വിവര റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തിന് അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ ദേശീയതലത്തിൽ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും ആക്രമണത്തിന് പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലനം ലഭിച്ചോ എന്നത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം.
അതേസമയം, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും കേസിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിനിടെ ഡൽഹിയിൽ തങ്ങുന്ന കേരള പൊലീസിന്റെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥ സംഘം ഡൽഹി പൊലീസ് സ്പെഷൽ സെല്ലുമായി ചേർന്ന് പ്രതിയുടെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. വിവിധ സമയങ്ങളിലായി പ്രതിയെ ഫോണിൽ ബന്ധപ്പെട്ട മുപ്പതിലേറെ പേരുടെ വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. മാത്രമല്ല, പ്രതിയുടെ ബാങ്ക് ഇടപാടുകളും സംഘം പരിശോധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്.