മംഗളൂരു: 800 വർഷം മുമ്പ് മുസ്‌ലിം വ്യാപാരി പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്ന മുൽകി ബപ്പനാട് ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രഭൂമിയിൽ വ്യാപാരം വിലക്കി ട്രസ്റ്റ് തീരുമാനം.കച്ചവടത്തിന് സ്റ്റാളുകൾ പണിയാനുള്ള സ്ഥലം ഭക്ത ജനങ്ങളുടെ വാഹനങ്ങൾ നിറുത്തിയിടാൻ സജ്ജീകരിച്ചു.
കഴിഞ്ഞ വർഷം ഉത്സവത്തിന് മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക് എന്ന ബാനർ സ്ഥാപിക്കുകയും ഈ വർഷം അതിന് അധികൃതർ അംഗീകാരം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ട്രസ്റ്റ് തീരുമാനം എന്ന് ട്രസ്റ്റി എൻ.എസ്.മനോഹർ ഷെട്ടി പറഞ്ഞു.വ്യാപാരം ക്ഷേത്രം വക സ്ഥലത്തിന് പുറത്ത് സ്വകാര്യ ഭൂമിയിൽ ഉടമകൾ അനുവദിക്കുമെങ്കിൽ ആര് നടത്തുന്നതിനും ഭരണസമിതിക്ക് എതിർപ്പില്ല.നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന പൈതൃകം പ്രദേശത്ത് മാനവിക സാഹോദര്യത്തിന്റെ അടയാളമാണ്.അതൊന്നും തകർക്കാനുള്ളതല്ല.വെള്ളിയാഴ്ച പതിവ് തെറ്റിക്കാതെ ക്ഷേത്രസ്ഥാനികർ പ്രസാദവുമായി ക്ഷേത്രം സ്ഥാപകൻ ബപ്പ ബ്യാരിയുടെ പിൻമുറക്കാരുടെ വീട്ടുമുറ്റത്ത് ചെന്ന് സമ്മതം ചോദിക്കുകയുണ്ടായെന്ന് ഷെട്ടി പറഞ്ഞു.
പരമ്പരാഗതമായി പൂക്കളും കളിപ്പാട്ടങ്ങളും വിൽക്കാറുള്ള ഏതാനും മുസ്‌ലിം കച്ചവടക്കാർ ഈ മാസം നാലിന് ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ അനുമതി നിഷേധിക്കുകയായിരുന്നു.ക്ഷേത്രം ഭരണ സമിതിയിലെ ഏതാനും തീവ്രഹിന്ദുത്വ സംഘടനാ പ്രതിനിധികൾ നടത്തിയ അഭ്യർത്ഥന മാനിച്ചാണ് വിലക്ക് ഏർപ്പെടുത്തിയത് എന്ന് അധികൃതർ വിശദീകരിച്ചു.ഇതര മതവിശ്വാസികൾ ക്ഷേത്രം ഉത്സവസ്ഥലത്ത് കച്ചവടം ചെയ്യുന്നത് 2002ലെ കർണാടക ഹിന്ദു ചാരിറ്റബിൾ എന്റോവ്മെന്റ് നിയമത്തിന്റെ ലംഘനം ആവുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ അഭ്യർത്ഥന നടത്തിയത്.കർണാടക സർക്കാർ മുസ്റായി വകുപ്പിന്റെ കീഴിലാണ് ക്ഷേത്രം.