കോഴിക്കോട്∙ കുന്നമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വിട്ടയച്ചു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷായെയാണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങളത്തുവച്ച് ബൈക്കിലും കാറിലും എത്തിയ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ ഷിജിലിനെ മർദനത്തിന് ഇരയാക്കിയ ശേഷം താമരശേരിയിൽ വിട്ടയയ്ക്കുകയായിരുന്നു. സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിക്കൊണ്ടു പോകൽ സംഘം എത്തിയ കാറിന്റെ വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോടു നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഷാഫിയ്ക്ക് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തതായാണ് വിവരം. എയർപോർട്ട് കാർഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയിൽനിന്നാണ് മൂന്നു വർഷം മുൻപു സ്വർണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിന്റെ പേരില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായി സ്ഥിരീകരിച്ചു.