കൊച്ചി: പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 75കാരിയുടെ കൊലപാതകം ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതിനെ തുടർന്നെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ഇവരുടെ സഹോദരന്റെ മകനായ 45കാരനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ അടുത്ത ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം കലാഭവൻ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുലർച്ച രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്ന് അബോധാവസ്ഥയിൽ കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചത്.
എന്നാൽ, ഇവർ മരിച്ച നിലയിലായിരുന്നു. വയോധികയുടെ മുഖത്തെ പാടുകൾ കണ്ട് സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെരുമാറ്റത്തിലും മറ്റും പന്തികേട് തോന്നിയ സഹോദരന്റെ മകനെ സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിൽ വെക്കുകയും പ്രാഥമിക പോസ്റ്റ്മോർട്ടത്തിൽ പീഡനശ്രമമുണ്ടായതായി വിവരം ലഭിച്ചതോടെ വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവ ദിവസം ലൈംഗിക പീഡനത്തിനിടെ നടന്ന ബല പ്രയോഗത്തിനിടെ വയോധിക ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സഹോദരന്റെ മകനും ഇവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് അയൽവാസികളുടെ മൊഴി.












