ന്യൂഡൽഹി: രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബവും എല്ലാ കാലത്തും വ്യവസായികളുമായി ബന്ധമുള്ളവരാണെന്നും രാഹുൽ വ്യവസായികളെ കണ്ടതിന്റെ 10 ഉദാഹരണങ്ങളെങ്കിലും തനിക്കറിയാമെന്നും കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയ ഗുലാം നബി ആസാദ്. അദാനി -മോദി ബന്ധത്തെ കുറിച്ച സത്യം താനടക്കം കോൺഗ്രസ് വിട്ട നേതാക്കൾ മറച്ചുവെക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു ഗുലാം നബി.ഗാന്ധി കുടുംബത്തോട് തനിക്കിപ്പോഴും ആദരവുള്ളതിനാൽ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ അദ്ദേഹം വ്യവസായികളെ രാജ്യത്തിന് പുറത്തുപോയി പോലും കണ്ടതിന്റെ 10 ഉദാഹരണങ്ങളെങ്കിലും നൽകാൻ കഴിയും. അവരെല്ലാം കാണരുതാത്ത വ്യവസായികളാണെന്നും അഭിമുഖത്തിൽ ഗുലാം നബി പറഞ്ഞു.
ഇന്ദിരയുടെ കാലത്ത് മുസൽമാനെ കുറിച്ച് പറഞ്ഞിരുന്ന കോൺഗ്രസ് ഇപ്പോൾ ന്യൂനപക്ഷം എന്ന വാക്കുപോലും ഉപയോഗിക്കാതായെന്ന് ഗുലാം നബി കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രസിഡന്റായും ജൂനിയർ മന്ത്രിയായും താൻ ഇന്ദിരയെ അനുഗമിച്ചിരുന്ന കാലത്ത് രാജ്യത്തെവിടെ പോയാലും മുസ്ലിംകൾ ദരിദ്രരാണെന്നും അവർക്ക് പുരോഗതിയുണ്ടാകണമെന്നും ഇന്ദിര പറയുമായിരുന്നു. 20 വർഷം കഴിഞ്ഞപ്പോൾ കോൺഗ്രസ് നേതൃത്വം പൊതുപ്രസംഗങ്ങളിൽ നിന്ന് മുസ്ലിം എന്ന വാക്ക് ഒഴിവാക്കി ന്യൂനപക്ഷം എന്ന് ഉപയോഗിക്കാൻ തുടങ്ങി. ഇന്ന് നേതൃത്വം ന്യൂനപക്ഷം എന്ന വാക്കും ഉപയോഗിക്കാതായി. ക്രിസ്ത്യൻ സമുദായത്തിലേക്കും ചില മുസ്ലിം വിഭാഗങ്ങളിലേക്കും കടന്നുകയറാൻ ബി.ജെ.പി സ്വാഭാവികമായും ശ്രമിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.