പഴയങ്ങാടി (കണ്ണൂർ): എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ടാറ്റ ഏറ്റെടുത്തതിനെ തുടർന്നുണ്ടായ സോഫ്റ്റ് വെയർ നവീകരണത്തെ തുടർന്ന് യാത്രക്കാരും ട്രാവൽ ഏജൻസികളും ദുരിതത്തിലായി. റിസർവേഷൻ, യാത്ര റദ്ദ് ചെയ്യൽ, മുൻ റിസർവേഷനുകളുടെ വിവരങ്ങളുടെ പുനഃപരിശോധന തുടങ്ങിയ സംവിധാനങ്ങൾ ദിവസങ്ങളായി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ലഭ്യമല്ല. പത്ത് ദിവസമായി എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിനെ ആശ്രയിക്കുന്ന രാജ്യങ്ങളിലെ ട്രാവൽ ഏജൻസികളും യാത്രക്കാരും പ്രയാസപ്പെടുമ്പോഴും അധികൃതർക്ക് കൃത്യമായ വിശദീകരണമൊന്നുമില്ല.
നവീകരണത്തിന്റെ ഭാഗമായുള്ള സാങ്കേതിക പ്രശ്നങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് ആദ്യ ദിവസങ്ങളിൽ അധികൃതർ അറിയിച്ചിരുന്നുവെങ്കിലും പത്ത് ദിവസമായി റിസർവേഷൻ മേഖലയിൽ പ്രതിസന്ധി തുടരുകയാണ്. നേരത്തെ റിസർവ് ചെയ്ത ടിക്കറ്റുകളുടെ വിവരങ്ങൾ ലഭ്യമാകാത്തതിനാൽ സർവിസുകളുടെ സമയമാറ്റം യാത്രക്കാർക്കും ഏജൻസികൾക്കും അറിയാനാവുന്നില്ല.
ഏതാനും ദിവസങ്ങളിലായി ഗൾഫ് – കേരള റൂട്ടിൽ അടിക്കടിയുണ്ടാവുന്ന സമയമാറ്റം, കൃത്യമായ വിവരം ലഭ്യമല്ലാത്തതിനാൽ നിരവധി യാത്രക്കാരെയാണ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കഴിയാതെ കഷ്ടത്തിലാക്കിയത്. അധികൃതർ റദ്ദ് ചെയ്ത വിമാന സർവിസിൽ റിസർവേഷൻ എടുത്ത യാത്രക്കാർക്ക് പോലും ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് തുക മടക്കി ലഭിച്ചില്ല.
സോഫ്റ്റ് വെയർ പ്രശ്നത്തെ അതിജയിക്കാൻ എയർ ഇന്ത്യ എക്സ്പ്രസിന്റെ കോൾ സെന്ററുകളെ ആശ്രയിച്ചാൽ തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നതെന്ന് ട്രാവൽ ഏജൻസികളും യാത്രക്കാരും പരാതിപ്പെടുന്നു. വ്യവസ്ഥകൾക്ക് വിധേയമായി യാത്ര റദ്ദാക്കിയാൽ അടിസ്ഥാന നിരക്കിന്റെ നിശ്ചിത ശതമാനമാണ് റദ്ദാക്കൽ നിരക്കായി യാത്രക്കാർക്ക് നഷ്ടമാകുന്നത്. എന്നാൽ, അടിസ്ഥാന നിരക്കിന്റെ അവശേഷിത തുകയും നികുതികളും തിരിച്ചുലഭിക്കേണ്ട ഒട്ടനവധി യാത്രക്കാർക്ക് നികുതി ഉൾപ്പെടെ നഷ്ടമാവുമെന്നതടക്കം തെറ്റായ വിവരങ്ങളാണ് കോൾ സെൻററുകളിൽനിന്ന് യാത്രക്കാർക്ക് നൽകുന്നതെന്നും പരാതിയുയരുന്നു.