ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയിൽ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറിൽ നിന്നുള്ള എംഎൽഎയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാർ ഉള്ള മണ്ഡലമാണ് വരുണ. അതിനാൽത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാൽ കൂടുതൽ വോട്ട് കിട്ടിയേക്കുമെന്ന് കണക്കുകൂട്ടൽ.
എന്നാൽ, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താൽപര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാൽ വി സോമണ്ണയ്ക്ക് വരുണയിൽ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് സോമണ്ണ തന്നെ രംഗത്തെത്തുകയായിരുന്നു. അധികം വൈകാതെ ബിജെപി സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. ആദ്യ ഘട്ട പട്ടികയിൽ 180 പേരുണ്ടാകുമെന്ന് യെദിയൂരപ്പ പറഞ്ഞു. സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്.
സ്ഥാനാർഥി നിർണയത്തിന് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു രീതിയാണ് ഇത്തവണ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രൈമറികളുടെ മാതൃകയിൽ രഹസ്യബാലറ്റിലൂടെയാണ് സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മാർച്ച് 31-ന് ഓരോ മണ്ഡലങ്ങളിലും സ്ഥാനാർഥികൾ ആരാകണമെന്നതിൽ നിരീക്ഷകരും പ്രാദേശിക ഭാരവാഹികളും അടക്കമുള്ളവർ പങ്കെടുത്ത വോട്ടെടുപ്പ് നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മൂന്ന് പേരടങ്ങിയ ചുരുക്കപ്പട്ടിക ഓരോ മണ്ഡലങ്ങളിലും തയ്യാറാക്കി. പിന്നീട് ഏപ്രിൽ 1,2 തീയതികളിൽ ബെംഗളുരുവിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഈ ചുരുക്കപ്പട്ടികയിൻമേൽ ചർച്ച നടന്നു. അപ്പോഴും 2019-ൽ കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ തർക്കം തുടർന്നു.