കാലടി: എംസി റോഡിൽ കാലടിയിൽ പുതിയ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.പെരിയാറിന് കുറുകെ കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായാണ് പുതിയപാലം നിർമ്മിക്കുന്നത്.നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റർ മാറി 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. 18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് പാലത്തിന്‍റെ നിർമാണം പൂർത്തിയാക്കുക.2024 ഒക്ടോബറിൽ പാലം നിർമാണം പൂർത്തീകരിക്കണം എന്നാണ് ലക്ഷ്യം എന്ന് മന്ത്രി പറഞ്ഞു. 2026 ആകുമ്പോൾ പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാനം സെഞ്ച്വറി അടിക്കും.എം സി റോഡ് വികസനത്തിനായി ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ പാലങ്ങളെ ദീപാലങ്കൃതമാക്കണം.പാലങ്ങൾക്ക് സമീപം പാർക്കുകൾ നിർമ്മിക്കാം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.
കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക. നിരവധി വർഷങ്ങളായി കാലടിയിലെയും സമീപപ്രദേശത്തെയും ജനങ്ങളുടെ ആഗ്രഹമാണ് നിറവേറാൻ പോകുന്നത്.പാലമില്ലാത്തതിനാൽ ഇവിടുത്തെ ഗതാഗത കുരുക്ക് പലതവണ വാർത്തയായിരുന്നു.