ദില്ലി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ കാരണക്കാരനായ യാത്രക്കാരന്റെ വിവരങ്ങൾ പുറത്ത്. പഞ്ചാബ് കപൂർത്തല സ്വദേശി ജസ്കീറത് സിംഗാണ് എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയത്. ഇയാൾ ലണ്ടനിലേക്ക് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ദില്ലിയിൽ വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ ജസ്കീറത് സിംഗിനെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. എയർ ഇന്ത്യ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ഉച്ചയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് യാത്രക്കാരനായ ജസ്കീറത് സിംഗിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിക്കുകയായിരുന്നു. പിന്നാലെ ഇവർ പരാതിയും നൽകി. വിമാന ജീവനക്കാരോട് സ്കീറത് സിംഗ് ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ഇയാളെ പൊലീസിന് കൈമാറിയ ശേഷം 225 ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം ദില്ലി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നു.