കൊച്ചി: ശബരിമല സ്പെഷൽ സർവിസുമായി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കെ.എസ്.ആർ.ടി.സി തയാറാക്കിയ പട്ടികയിൽ നിന്ന് ബദലി -താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഫെബ്രുവരി ഏഴിന് കെ.എസ്.ആർ.ടി.സി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് സതീഷ് നൈനാൻ എംപാനലുകാരെ ചട്ടവിരുദ്ധമായി ഉപയോഗിക്കാതെ ഹൈകോടതിയും സുപ്രീംകോടതിയും മുമ്പ് നിർദേശിച്ചതുപോലെ താൽക്കാലിക സംവിധാനം ഉണ്ടാക്കാനും നിർദേശം നൽകി.
വിവിധ കോടതികൾ ആവർത്തിച്ചു പറഞ്ഞിട്ടും ചട്ടവിരുദ്ധ നിയമന കാര്യത്തിൽ കെ.എസ്.ആർ.ടി.സി ഇത് പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി ഏഴിലെ ഉത്തരവനുസരിച്ച് ബദലി ഡ്രൈവർമാരായി നിയമിച്ച 1104 പേരിൽ 900ത്തിലേറെ പേരും ഹൈകോടതി മുൻ ഉത്തരവിനെ തുടർന്ന് ഒഴിവാക്കപ്പെട്ട എംപാനൽ ഡ്രൈവർമാരാണെന്ന് ആരോപിച്ച് വയനാട് നൂൽപുഴ സ്വദേശി കെ.കെ. പ്രശാന്ത് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കിയ ഹൈകോടതി ഉത്തരവും ഇതു ശരിവെച്ച സുപ്രീംകോടതി ഉത്തരവും മറികടക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. പി.എസ്.സി ലിസ്റ്റിലുള്ളവർ തൊഴിലിനായി കാത്തുനിൽക്കവെ എംപാനലുകാരെ നിയമിക്കാനാവില്ലെന്ന് മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. തുടർച്ചയായി 180 ദിവസത്തിലേറെ എംപാനലുകാരെ ഉപയോഗിക്കുന്നത് സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഡിവിഷൻ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഈ വിധി മറികടക്കുന്ന തരത്തിലാണ് ബദലി ഡ്രൈവർമാരുടെ നിയമനത്തിന് എംപാനലുകാരെ പരിഗണിച്ചതെന്നും ഹരജിക്കാരൻ ആരോപിച്ചു. എന്നാൽ, കാലഹരണപ്പെട്ട പി.എസ്.സി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഹരജിക്കാരനെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. അതിനാൽ ഇത്തരമൊരു ആവശ്യം ഹരജിക്കാരന് ഉന്നയിക്കാനാവില്ലെന്നും വ്യക്തമാക്കി.