തൃശൂർ: നഴ്സുമാർക്ക് 50 ശതമാനം വേതനം വർധിപ്പിച്ച് നാല് ആശുപത്രികൾ. തൃശൂർ സൺ മെഡിക്കൽ റിസർച് സെന്റർ, മലങ്കര മിഷൻ ആശുപത്രി, അമല, ജൂബിലി മിഷൻ ആശുപത്രികളാണ് നഴ്സുമാരുടെ ആവശ്യമായ 50 ശതമാനം വേതന വർധനവ് അംഗീകരിച്ചത്. ഇതോടെ നഴ്സുമാർ പ്രഖ്യാപിച്ച 72 മണിക്കൂർ സമ്പൂർണ പണിമുടക്ക് ഈ ആശുപത്രികളിലുണ്ടാവില്ലെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.
ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളാണ് അമല ആശുപത്രിയും ജൂബിലി മിഷൻ മെഡിക്കൽ കോളജും. മൂവായിരത്തിലധികം രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമുള്ളതാണ് രണ്ട് ആശുപത്രികളും. 50 ശതമാനം വേതന വർധനവ് സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു.
ജില്ലയിലെ പ്രധാന ആശുപത്രികൾ ആവശ്യം അംഗീകരിച്ചതോടെ സമരം വിജയത്തിലായെന്ന വിലയിരുത്തലിലാണ് യു.എൻ.എ. രാത്രിയിലും ചർച്ച പുരോഗമിക്കുന്നുണ്ടെന്നും ധാരണയിലാവുന്ന ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാവില്ലെന്നും ഭാരവാഹികൾ അറിയിച്ചു.