പാലക്കാട്: ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താൻ കുടുംബശ്രീ പദ്ധതി. അയൽക്കൂട്ടങ്ങളുടെ അടിസ്ഥാന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ‘ലോക്കോസ്’ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എൻ.ആർ.എൽ.എം) സാമ്പത്തിക സഹായത്തോടെയാണ് ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നത്. അയൽക്കൂട്ടങ്ങളിലെ വായ്പ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് തടയുകയാണ് ലക്ഷ്യം.
ഗ്രാമപ്രദേശങ്ങളിലെ 2,53,000 അയൽക്കൂട്ടങ്ങളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ ഡിജിറ്റലാക്കുന്നത്. അടുത്ത ഘട്ടത്തിൽ നഗരപ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അയൽക്കൂട്ടങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ എൻ.ആർ.എൽ.എമ്മിന്റെ എം.ഐ.എസിൽ നേരേത്ത രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വായ്പ നിക്ഷേപം, ഇടപാടുകൾ എന്നിവ ഡിജിറ്റലൈസ് ചെയ്യാൻ സംവിധാനമുണ്ടായിരുന്നില്ല. വായ്പവിവരങ്ങളും ഇടപാടുകളും അയൽക്കൂട്ടങ്ങള്‍ രജിസ്റ്ററിൽ എഴുതി മേൽകമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. നിലവിൽ, വാർഷിക ഓഡിറ്റ് മാത്രമാണുള്ളത്. ഇത് പലപ്പോഴും യഥാസമയം ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് തടസ്സമായിരുന്നു. ലോക്കോസ് ആപ്പ് പ്രാബല്യത്തിലാകുന്നതോടെ അയൽക്കൂട്ടങ്ങളുടെ ഇടപാടുകൾ പൂർണമായി ഡിജിറ്റലൈസ് ചെയ്യപ്പെടും.
പൈലറ്റ് പദ്ധതിയായി ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയിരുന്നു. ഈ മാസം 15 മുതൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ജൂൺ 30നകം അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രവൃത്തി പൂർത്തിയാക്കും. തുടർന്ന് സാമ്പത്തിക ഇടപാടുകൾ ഓരോ ആഴ്ചയും അയൽക്കൂട്ടങ്ങൾ ചേർന്ന് അപ്ഡേറ്റ് ചെയ്യാനാണ് തീരുമാനം.