ഡല്‍ഹി: ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടിച്ചില്ല. ശോഭ സുരേന്ദ്രനെ ഇത് രണ്ടാം തവണയാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടി തഴയുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം കെ.എസ് രാധാകൃഷ്ണന്‍, വി.വി രാജേഷ്, കെ.കെ അനീഷ് കുമാര്‍, നിവേദിത എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ ഇടംപിടിച്ചു.
ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ ബിജെപിയുടെ നിര്‍ണായക നീക്കം. സാധാരണ ഗതിയില്‍ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകാറുള്ളത്. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിലവില്‍ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ പാര്‍ട്ടിയുടെ ഭാരവാഹിത്വമില്ല. ഇതിനിടെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.