കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി എന്നിവര്‍ കോഴിക്കോട് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിയുമായുള്ള തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. കേസില്‍ ഇതുവരെയുള്ള അന്വേഷണം എവിടെ വരെയെത്തി എന്ന് പരിശോധിക്കുകയും കൂടുതല്‍ തെളിവെടുപ്പ് ഏതുവിധം വേണം എന്ന് പരിശോധിക്കുകയും ചെയ്യുന്ന യോഗമാണ് നടക്കുന്നത്. കോഴിക്കോട് പോലീസ് ക്യാമ്പിലാണ് യോഗം
ഇന്ന് രാവിലെയും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിയായിട്ടുള്ള ഷാറൂഖിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി. യോഗത്തിന് ശേഷം ഷാറൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയിട്ടുണ്ട് എന്ന് പോലീസ് ഉറച്ചു വിശ്വസിക്കുകയാണ്. ഷാറൂഖ് സൈഫിക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.