മുംബൈ ∙ അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിൽ താൽപര്യമില്ലെങ്കിലും എതിർക്കില്ലെന്നും പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വരെ ജെപിസിയെ ശക്തമായി എതിർത്തിരുന്ന അദ്ദേഹം ഇന്നലെ മറാഠി ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിലപാട് മയപ്പെടുത്തിയത്. അതേസമയം, ജെപിസിയിൽ ഭരണകക്ഷിയിൽ നിന്നാവും കൂടുതൽ അംഗങ്ങൾ ഉണ്ടാകുകയെന്ന ആശങ്ക ആവർത്തിച്ചു.
‘‘പ്രതിപക്ഷ പാർട്ടികളിലെ സുഹൃത്തുക്കൾ ജെപിസി അന്വേഷണം വേണമെന്ന് ശഠിച്ചാൽ അതിനോടു യോജിപ്പില്ലെങ്കിലും ഐക്യത്തിനു വേണ്ടി ഒപ്പം നിൽക്കും. ബിജെപിക്ക് ഇരുനൂറോളം എംപിമാരുള്ളതിനാൽ 21 അംഗ ജെപിസിയിൽ അവരുടെ കൂടുതൽ അംഗങ്ങളുണ്ടാകും. പ്രതിപക്ഷത്തിനുള്ള അഞ്ചോ ആറോ അംഗങ്ങൾക്ക് അന്വേഷണത്തിൽ വലിയ പങ്ക് ലഭിക്കുമോ എന്നു സംശയമാണ്’’– പവാർ പറഞ്ഞു.
അദാനി രാജ്യത്തിനു നൽകിയ സംഭാവനകൾ ഓർമിക്കണമെന്നും ഹിൻഡൻബർഗ് എന്ന വിദേശകമ്പനിയുടെ റിപ്പോർട്ടിന് അമിതപ്രാധാന്യം നൽകണോ എന്നു ചിന്തിക്കണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ പവാർ പറഞ്ഞത് പ്രതിപക്ഷ കൂട്ടായ്മയിൽ നീരസമുണ്ടാക്കിയിരുന്നു. കോൺഗ്രസും ശിവസേനയും ഉൾപ്പെടെയുള്ള പാർട്ടികൾ പവാറിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ശിവസേന (ഉദ്ധവ്) അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇന്നലെ രാത്രി വൈകി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാവ് സഞ്‌ജയ് റാവുത്തും ഒപ്പമുണ്ടായിരുന്നു.