ബെംഗലുരു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ കൊലപ്പെടുത്തി. ബെംഗലുരുവിലാണ് സംഭവം. 68കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. 38കാരനായ രവി കുമാര്‍, 28കാരിയായ പല്ലവി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രവികുമാറിന്‍റെയും പല്ലവിയുടേയും നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസർജ്ജനം നടത്തിയിരുന്നു. സോളദേവനഹള്ളിയിലെ ഗണപതി നഗറിലാണ് മുനിരാജുവിന്‍റെ വീട്.
ഇയാളുടെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്. മുനിരാജുവിന്‍റെ മകന്‍ മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം വിറ്റ ഒരു കാറിനെ ചൊല്ലിയായിരുന്നു ഇത്. ഈ കാറിന്‍റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ കാര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കിടയില്‍ ശത്രുത ഉടലെടുത്തിരുന്നു. രവികുമാര്‍ തന്റെ നായയെ മലമൂത്ര വിസര്‍ജനം ചെയ്യാനായി മുനിരാജുവിന്റെ വീടിന് അടുത്തേക്ക് കൊണ്ടുവരുന്നതും തര്‍ക്കത്തിന് കാരണമായിരുന്നു.
ശനിയാഴ്ച ഈ തര്‍ക്കം അതിരുകള്‍ ലംഘിക്കുകയായിരുന്നു. വീടിന് മുന്നിലെ അയല്‍വീട്ടുകാരുടെ വളര്‍ത്തുനായയേക്കൊണ്ടുള്ള ശല്യത്തേക്കുറിച്ച് മുനിരാജു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. രവി കുമാറും പ്രമോദും പുകവലിക്കുന്നതും പല്ലവി കൂടിയ ശബ്ദത്തില്‍ സംസാരിക്കുന്നതിനേക്കുറിച്ചും പരാതി വ്യക്തമാക്കിയിരുന്നു. മൂന്ന് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും മേലില്‍ ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രവികുമാറും പല്ലവിയും പ്രമോദും മുനിരാജുവിന്‍റ വീട്ടിന് മുന്നിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ബഹളം നടക്കുന്ന സമയത്ത് മുനിരാജു വീട്ടിലുണ്ടായിരുന്നില്ല.
വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. ബഹളമുണ്ടാക്കുന്നതിനേക്കുറിച്ച് മുനിരാജും ചോദ്യം ചെയ്തു. ഇതോടെ പ്രമോദ് ക്രിക്കറ്റ് ബാറ്റെടുത്ത് മുനിരാജുവിനെ ആക്രമിക്കുകയായിരുന്നു. വീണ്ടും വീണ്ടും മര്‍ദ്ദിക്കാന്‍ പല്ലവിയും രവികുമാറും പ്രമോദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് മുനിരാജു കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ ബെംഗലുരു പൊലീസ് അറസ്റ്റ് ചെയ്തു.