തിരുവനന്തപുരം> സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ബുധനാഴ്‌ച രേഖപ്പെടുത്തി. പാലക്കാട്, കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിലാണ് ബുധനാഴ്‌ച റെക്കോഡ് ചൂട് (39 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്തെ നിരവധി ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തി. പാലക്കാട്, കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകളിലെ സ്റ്റേഷനുകളിലാണ് 40 ഡിഗ്രിക്കു മുകളിൽ രേഖപ്പെടുത്തിയത്. എന്നാൽ, ഇത് കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.
അടുത്ത ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് പ്രവചനം. എന്നാൽ, ശനിയും ഞായറും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മീൻപിടിത്തത്തിനു തടസ്സമില്ല.