കൊച്ചി: കോഴിക്കോട് ഏലത്തൂരിലെ ട്രെയിൻ തീെവപ്പ് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് തീർപ്പാക്കിയത്.
റെയിൽവേ സ്റ്റേഷനുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കുന്നത് കൊണ്ടുമാത്രം കുറ്റ കൃത്യങ്ങൾ തടയാനാവില്ലെന്നും കമ്പാർട്ട്മെന്‍റുകളിലും സ്ഥാപിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ബോഗികളുടെ വാതിലിന് സമീപം കാമറ സ്ഥാപിക്കാനാവും. ട്രെയിനുകളിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും ഇവ നിയന്ത്രിക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ഹരജിയിൽ ആരോപിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇത്തരമൊരു നടപടി പ്രായോഗികമല്ലെന്നും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈകോടതി നേരത്തേ നൽകിയ നിർദേശങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും റെയിൽവേ വിശദീകരിച്ചു. ഇത് പരിഗണിച്ച് ഹരജി തീർപ്പാക്കി.