കൊല്ലം: പോക്‌സോ കേസ് പ്രതിക്ക് 35 വർഷം തടവുശിക്ഷ വിധിച്ച് കരുനാഗപ്പള്ളി പോക്സോ കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. അയൽവാസിയായ പെണ്‍കുട്ടിയെ 2017 ലാണ് പ്രതി പീഡിപ്പിച്ചത്.പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു.
പ്രായപൂർത്തിയാകത്ത പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് കുലശേഖരപുരം സ്വദേശിയായ പക്കി സുനിലിനെ കോടതി ശിക്ഷിച്ചത്. 2017ൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഗൾഫിലേക്ക് കടന്നിരുന്നു. ഇയാളെ സൗദി അറേബ്യയിൽ നിന്നും പിടികൂടിയാണ് പൊലീസ് നാട്ടിലെത്തിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സുനിലിനെ പൊലീസ് നാട്ടിലെത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് 25 വർഷവും , പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം ജീവപര്യന്തവും നാല് ലക്ഷം രൂപ പഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി ഡി വിജയകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.
പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. 2 ലക്ഷം രൂപ ഇരയുടെ അമ്മയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം രണ്ടുവർഷം കൂടി പ്രതി ജയിലിൽ കഴിയണമെന്നും കോടതി വിധിയിലുണ്ട്.